⬅ Back to Main Page
Profile Posted by: M Siraj
Other 📍 State: Others 📅 17-07-2026 🕒 05:27 AM 👁️ 9 Views

മനുഷ്യസ്നേഹത്തിന്റെ മാതൃകയായി സ്പോൺസർ; മുഹമ്മദ് ഷെരീഫിന് ചികിത്സയ്ക്കായി നാട്ടിലേക്കുള്ള യാത്ര

Featured News Image

അൽ ഹസ്സ: 1990-ൽ സൗദി അറേബ്യയിലെ അൽ ഹസ്സയിൽ ഒരു സൗദി കുടുംബത്തിന്റെ ഹൗസ് ഡ്രൈവറായി എത്തിയ രാജസ്ഥാൻ സ്വദേശി മുഹമ്മദ് ഷെരീഫ്, 36 വർഷത്തെ സേവനത്തിന് ശേഷം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തുടർചികിത്സയ്ക്കായി ഇന്ന് സ്വദേശത്തേക്ക് യാത്ര തിരിച്ചു.

News Image

സമീപകാലത്ത് ശാരീരിക അസ്വസ്ഥതയെ തുടർന്ന് തളർന്ന് വീണ ഷെരീഫിനെ അൽ ഹസ്സയിലെ ആശുപത്രിയിൽ ഏകദേശം ഒരു മാസത്തോളം പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഒരു കൈക്കും കാലിനും തളർച്ച അനുഭവപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മാനസികാവസ്ഥ മികച്ച നിലയിലാണ്.

ഷെരീഫിന്റെ ചികിത്സയും പരിചരണവും മുഴുവൻ സമയവും അദ്ദേഹത്തിന്റെ സ്പോൺസർ നേരിട്ട് ഏറ്റെടുത്തത് ശ്രദ്ധേയമായി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയക്കാൻ സ്പോൺസർ കുടുംബത്തിന് ആദ്യം താൽപര്യമില്ലായിരുന്നു. സൗദിയിൽ തന്നെ തുടർപരിചരണം നൽകാമെന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ ചികിത്സ പൂർത്തിയാക്കി സുഖം പ്രാപിച്ച ശേഷം തിരിച്ചെത്താമെന്ന ഷെരീഫിന്റെ ഉറപ്പിനെ തുടർന്നാണ് നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചത്.

യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിനായി സ്പോൺസർ അൽ ഹസ്സയിലെ സാമൂഹിക പ്രവർത്തകൻ പ്രസാദ് കരുനാഗപ്പള്ളിയെ സമീപിച്ചു. തുടർന്ന് ആശുപത്രിയിലെത്തി ആവശ്യമായ യാത്രാരേഖകൾ തയ്യാറാക്കുകയും, ഫ്ലൈറ്റ് സ്ഥിരീകരണത്തിനായി മഞ്ജുവുമായി ഏകോപനം നടത്തി മുഴുവൻ പേപ്പർവർക്കുകളും പൂർത്തിയാക്കുകയും ചെയ്തു. യാത്രയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സ്പോൺസർ തന്നെയാണ് വഹിച്ചത്.

വീൽചെയറിന്റെ സഹായത്തോടെ മുഹമ്മദ് ഷെരീഫ് സ്വദേശത്തേക്ക് യാത്ര തിരിച്ചു. സഹായത്തിനും സഹകരണത്തിനും പിന്തുണ നൽകിയ എല്ലാവരോടും ഷെരീഫ് നന്ദിയും സ്നേഹവും അറിയിച്ചു.

ഇതിനിടെ, വിവിധ മേഖലകളിലെ SATA പ്രസിഡന്റുമാരായ മല്ലേശൻ, ശ്രീനിവാസ് മച്ച, സർവാണി വിദ്യാധരണി, തേജ പള്ളം, പാമിറെഡ്ഡി റാമിറെഡ്ഡി എന്നിവർ സാമൂഹിക പ്രവർത്തകൻ പ്രസാദ് കരുനാഗപ്പള്ളിയുടെയും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരുടെയും സേവനങ്ങളെ അഭിനന്ദിച്ചു.

M Siraj